മാനിപാടം...

മഴയുണങ്ങിത്തുടങ്ങിയാല് പിന്നെ ഞങ്ങള് കഥ പറഞ്ഞിരിക്കാനായി മാനീ പാടത്തേക്ക് ഒഴുകിത്തുടങ്ങും...കാല വർഷം വരച്ചു വെച്ച ജല ചിത്രങ്ങളുടെ നിറം വറ്റുന്നതും കാത്ത് മതിലിനിപ്പുറത്തിരിക്കണം അതുവരെ.. കൊല്ലത്തിലെ അദ്യത്തെ പരീക്ഷയുടെ ചോദ്യ ചിഹ്നങ്ങള്ക്ക് അറിയാവുന്ന ഭാഷയില് ഉത്തരമെഴുതി റിസള്ട്ട് കാത്തിരിക്കുന്ന നേരത്താവും പാടത്ത് സ്വാഗതക്കാറ്റടിച്ചു തുടങ്ങുന്നത്....വൈകുന്നേരത്തെ സുലൈമാനി കുടിച്ച്, ചെറു സംഘങ്ങളായി ഈ യാത്ര തുടങ്ങിയാല് പിന്നെ വൈകുന്നേരങ്ങളും പച്ച പിടിക്കും...തലമുറകളുടെ കാലടിപ്പാടുകളാണ് ഇന്നവിടെ വഴിയായി നിവർന്നു കിടക്കുന്നത്..
വൈകുന്നേരങ്ങള്ക്ക് പുതു പുലരിയുടെ നിറം പകരുന്ന നേരമാവുമിത്..ആവേശ യാത്രയുടെ നനവുണങ്ങാത്ത ഓർമ്മകളായി ഇടക്കിടക്ക് വെള്ളക്കെട്ടുകള്..ആനന്ദത്തിമർപ്പായി ചെറു മീനുകള്..പ്രതീക്ഷയുടെ ചൂണ്ടലെറിഞ്ഞവരുടെ കാത്തിരിപ്പുകള്..ഒരുമയുടെ സൌഹൃദക്കൂട്ടങ്ങള്..സ്വപ്നങ്ങള്ക്ക് ഉയർന്ന് പറക്കാന് വേലിക്കെട്ടില്ലാത്ത ആകാശങ്ങള്..
വിജനതയില് പാതി വഴി തീരുകയല്ല, ശൂന്യതയില് നിന്ന് പുതിയ വഴി തുടങ്ങുകയാണിവിടെ. ആഴമറിയാ സാഗരങ്ങള് നീന്തി നീന്തി തീരമണയാനൊരുങ്ങുന്ന സ്വപ്നസഞ്ചാരികളുടെ സത്രമാണിത്..ഓർമ്മകളിലേക്ക് ഊളിയിറങ്ങിയും മോഹങ്ങള്ക്ക് തടം കെട്ടിയൊരുക്കിയും അവർ പരന്നു നടക്കുന്നു..
എന്തോരം ദൃശ്യ വിരുന്നുകളാണെന്നോ..പന്തിനു മുന്നിലും പിന്നിലും ഓടിക്കൊണ്ടിരിക്കുന്നവർ..പന്തു മാറി കിക്കെടുത്തവർ...പോസ്റ്റ് മാറി ഗോളടിച്ചവർ..സ്വന്തം ടീമംഗത്തെയും മനോഹരമായി ട്രിപ്പിള് ചെയ്തു മുന്നേറിയവർ..സെല്ഫ് ഗോളടിച്ച ആഹ്ലാദിച്ചവർ..പക്ഷെ ഈ മൈതാനിയില് ചുവപ്പു കാർഡില്ല...പൊടിയായുയരുന്ന ആരവങ്ങളുണ്ടാവും...കളിക്കുന്നവരേക്കാള് ആഞ്ഞു ചാടുന്ന പുറം കളിക്കാരുണ്ടാവും..വല്ല്യ ഒച്ചക്കാരുടെ തീരുമാനം അന്തിമമായിരിക്കും..
വേദനയറിയാത്ത, മുറിവു കാണാത്ത മത്സരങ്ങള്..മഅ് രിബിന് ആദ്യത്തെ റുകൂഇനെത്തിയാലറിയാം എവിടെയാണ് നീറ്റലും പൊട്ടലുമെന്ന്..
ഒരറ്റത്ത് ചങ്ങാതിക്കൂട്ടങ്ങളുടെ പൊട്ടിച്ചിരികള്....സയാഹ്ന സംഗീതത്തിലലിഞ്ഞിരിക്കാനെത്തുന്നവർക്ക് പുല്പ്പായ വിരിച്ചൊരുങ്ങിയതാണവിടെ..കണ്ണുകളുടെ സംസാര ഭാഷക്ക് ഗ്രാമറില്ലെന്നറിയണം..കൂട്ടത്തിലിരിക്കുന്നവന് കേള്ക്കാത്ത സ്വരങ്ങള് ഒറ്റക്കിരിക്കുന്നവന് കേള്ക്കാം..കണ്ണു കൊണ്ട് എല്ലാവരോടും സലാം പറയാം...എത്ര ദൂരെയായാലും ഒരക്ഷരം നാവു കൊണ്ട് മിണ്ടാതെ കണ്ണു കൊണ്ട് വിശേഷങ്ങളന്വേഷിക്കാം..ഏകാന്തതയുടെ മടിത്തട്ടിലിരിക്കുന്നവന് വിരഹ ഗീതങ്ങളുടെ താരാട്ടു കേട്ടുറങ്ങാം..ഒരൊറ്റ സായാഹ്ന പിരീഡു കൊണ്ട് ഒരായിരം കഥ പറഞ്ഞു തരുന്ന ക്ലാസ് റൂമാണിവിടെ..
സ്വർഗത്തിലേക്ക് ഇവിടെ നിന്ന് ദൂരം വളരെ കുറവാണ്..ഹാങ് ഓവറായെന്നു തോന്നിയാല് റിഫ്രഷ് വഴി തിരഞ്ഞ് ഞങ്ങളിവിടേക്കിറങ്ങി നടക്കും...ഏതു കരിരാവിലും ഇവിടെ വെളിച്ചം കാണുന്നു...ഉണരുവാന് തോന്നുന്ന പുലരിയില് ബൂട്ടു കെട്ടിയിറാങ്ങാനെരിടം....നെഞ്ചോരം പെയ്യുന്ന ആശ്വസമഴ കൊണ്ട് ...മിണ്ടാതെ മിണ്ടിപ്പറഞ്ഞ്       ഞങ്ങളെ കാത്തിരിപ്പാണ് ആ മഴവല്ലു വിരിഞ്ഞിറങ്ങുന്ന പുല്മേടുകള്...
കനവുകള്കക് നിറം കൊടുക്കാനിറങ്ങുന്നവർക്ക് കാന് വാസെരുക്കി വെച്ചിട്ടുണ്ടവിടെ..പുലരികളും സന്ധ്യകളും കനക നിലാ കതിരുകളും ഇവിടെയെത്തിയാല് ഖല്ബിലെ ചുമർ ചിത്രങ്ങളായിത്തീരുന്നു..ചുവടുകളേ തളരരുതേ എന്ന് കണ്ണിറുക്കി പ്രാർത്ഥിച്ചിട്ടുണ്ട് ഞാനൊരുപാട്..
ഇവിടെ ഇരുന്നാല് നമുക്ക് ചുറ്റുമൊരു ലോകം പിറക്കുന്നു....പോരാട്ട വീര്യം ചോരാത്ത കളിക്കളങ്ങള്..കാറ്റു കൊള്ളാനിറങ്ങിയ തിരക്കുള്ള മനുഷ്യർ..അന്നത്തെ അന്തിപ്പട്ടിണി മാറ്റാന് പുല്ലു തേടിയിങ്ങിയ കാലിക്കൂട്ടം..ഉപജീവനത്തിനായി വണ്ടിയിറങ്ങിയ ഭായിമാർ..ചൂടുള്ള ചർച്ചകള്ക്ക് ഇത്തിരി തണുപ്പേകുന്ന എെസ് ക്രീം വണ്ടികള്..കോഴിക്കോട് റോഡിലേക്ക് പറന്നു തുടങ്ങിയ ചെമ്മാട്ടങ്ങാടി....മിനാരങ്ങളില് ബാങ്കുയരും മുന്പ്  കാതിലുയരുന്ന സ്നേഹരാഗമായി തൃക്കുളം ക്ഷേത്രത്തിലെ ഭക്തി ഗാനങ്ങള്....അക്ഷരക്കുട്ടങ്ങള്ക്ക് അർത്ഥം തേടിയെത്തിവർക്കായി ഉയർന്നു നില്ക്കുന്ന ജ്ഞാന മന്ദിരങ്ങള്..അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന വയല്പ്പുറങ്ങള്..
ഈ താഴ്ച്ചയില് നിന്നാണത്രേ ദാറുല് ഹുദാ ഇത്ര ഉയർന്നത്..ചതുപ്പിലേക്ക് മണ്ണിട്ടുയർത്തിയരുടെ കരളുറപ്പം സമ്മതിക്കണം..ഇന്നലെകളെ ചരിത്രമാക്കി, അസ്തമിക്കാത്ത ലോകത്തിന് വെളിച്ചമൊരുക്കി, നാളെയുടെ പുതിയ സഞ്ചാര പഥങ്ങളെ തേടി മുന്നോട്ട് നടക്കുന്ന ദാറുല് ഹുദായുടെ പിന്നാന്പുരക്കാഴ്ച്ചകള്..
 വെല്ക്കം പാർട്ടികളുടെ സന്തോഷച്ചിരിമാലകളും , ഗുഡ് ബൈ സെഷനുകളുടെ അടക്കം പറച്ചിലുകളും എത്ര കണ്ടതാണെന്നോ..അന്ന് അവർക്കൊപ്പം കളിക്കാനും കലഹിക്കാനും, മറക്കാനും പൊറുക്കാനും, ചേർന്നു നിന്ന് ഫോട്ടോ എടുക്കാനും  മാറി നിന്ന് കണ്ണു തുടക്കാനുമെല്ലാം ഈ സ്നേഹമുറ്റമുണ്ടായിട്ടുണ്ടാവണം...നെഞ്ചോട് ചേർത്ത് പാട്ടൊന്ന് പാടി,
പാട്ടിന്റെ ഈണം നീയാണെന്ന് പറയുകയായിരുന്നു ഞാന്..കാണാതെ കണ്ണില് അറിയാതെ നെഞ്ചില് ഉയരുന്ന ചിത്രവും നീയാണ്...
ഇനിയെത്ര കഥകള് കേളക്കണം....ആരെയൊക്കെ സ്വീകരിച്ചിരുത്തണം..
ചിനു ചിനു ചിതറിയ ചെറു തരി വെളിച്ചത്തില് തുരു തുരെ കനവെഴുതാനെഴുതാനെത്തുന്നവരെ കാത്ത് കണ്ണും കതകുമടക്കാതെ കാത്തിരുപ്പുണ്ട്  നമ്മുടെ മാനീപ്പാടം....

Comments

  1. Replies
    1. അത്ര പോരാ
      ന്നാലും ഒപ്പിക്കാ

      Delete
  2. Sherikkum darul hudayude monthly leavil vaayiccjapol vallathe miss cheythu........
    Mani ppadam

    ReplyDelete

Post a Comment